Site icon Fourteen Kerala – 14 Kerala News

കാലവർഷം കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിൽ കൊച്ചി ന​ഗരം; രണ്ടാഴ്ച്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയെത്തിയത് 6967 പേർ

എറണാകുളം: കാലവർഷം കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിൽ കൊച്ചി ന​ഗരം. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 6967 പനി ബാധിതരാണ് ജില്ലയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 170 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

വെള്ളക്കെട്ടുകളും റോഡിലെ മാലിന്യവും ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. വാർഡ് തലത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ എൻ എസ് കെ ഉമേഷ്‌ വ്യക്തമാക്കി.
പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ(എൻസിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾക്കാണ് എൻസിഡിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

209 മുന്നറിയിപ്പുകൾ ഇതു സംബന്ധിച്ച് ഈ മാസം നൽകിയതായും 90 ഇടങ്ങളിൽ പ്രദേശിക പകർച്ചവ്യാധികളായി ഈ രോഗങ്ങൾ മാറിയെന്നും എൻസി‍ഡിസി ഉദ്യോഗസ്ഥർ പറയുന്നു. എല്ലാ സംസ്ഥാനങ്ങളോടും രോഗങ്ങൾ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ വരും ദിവസങ്ങളിൽ എടുക്കണമെന്നും എൻസിഡിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻറഗ്രേറ്റഡ് ഡിസീസ് സർവയലൻസ് പ്രോഗ്രാമിൻറെ ഭാഗമാണ് ഈ മുന്നറിയിപ്പുകൾ. ടൈഫോയ്ഡ്, മലേറിയ, ഹെപ്പറ്റൈറ്റിസ് എ, സ്ക്രബ് ടൈഫസ്, ഡെങ്കിപ്പനി എന്നിവയാണ് ജാഗ്രതാനിർദേശം നൽകിയ അഞ്ച് രോഗങ്ങൾ.

Exit mobile version