Site icon Fourteen Kerala – 14 Kerala News

മദ്യപിച്ച് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

ചങ്ങരംകുളം: മദ്യപിച്ച് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ചാലിശ്ശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പിൽ അലി(43)യെയാണ് ചങ്ങരംകുളം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണ് സംഭവം. ചങ്ങരംകുളത്ത് നിന്ന് എരമംഗലം പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി ലൈഗികാവയവം കാണിച്ചെന്നാണ് പരാതി. ചങ്ങരംകുളത്ത് എരംമംഗലം റോഡിൽ ബസ് കാറിൽ ഇടിച്ചിരുന്നു.

ഈ സമയത്ത് ബസ് നിർത്തി ജീവനക്കാർ പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ അതിക്രമം കാണിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവ് ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടി. പുറകെ ഓടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു.

പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വൈദ്യ പരിശോധ നടത്തി സ്റ്റേഷനിൽ എത്തിച്ച ഇയാൾക്കെതിരെ പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ ചുമത്തി കേസെടുത്തു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Exit mobile version