Site icon Fourteen Kerala – 14 Kerala News

ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊടുത്ത 2.12 ലക്ഷം രൂപയുടെ പുത്തന്‍ ബുള്ളറ്റുമായി മുങ്ങിയ പ്രതി പിടിയില്‍

ആലപ്പുഴ: ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊടുത്ത 2.12 ലക്ഷം രൂപയുടെ പുത്തന്‍ ബുള്ളറ്റുമായി മുങ്ങിയ പ്രതി പിടിയില്‍. ആലപ്പുഴ തുറവൂർ തിരുമല സ്വദേശി കളത്തില്‍ വീട്ടില്‍ 32 വയസ്സുള്ള വിഷ്ണു ശ്രീകുമാർ ആണ് പിടിയിലായത്.

തൃശ്ശൂര്‍ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 5 നായിരുന്നു സംഭവം. തൃശൂരിലെ ബൈക്ക് ഷോറൂമിലേക്ക് ഇയാൾ ഫോണില്‍ വിളിച്ച് പുതിയ മോഡൽ ബൈക്കുകളുടെ വിലവിവരം തിരക്കി.

തുടർന്ന് ടെസ്റ്റ് ഡ്രൈവ് നടത്തണമെന്നും, ബൈക്ക് കൊണ്ടുവരുവാനും ആവശ്യപ്പെട്ടു. ഷോറൂം ജീവനക്കാരൻ പുതിയ മോഡൽ ബൈക്കുമായി പ്രതി നിന്നിരുന്ന സ്ഥലത്ത് എത്തി ടെസ്റ്റ് ഡ്രൈവിന് നൽകുകയുമായിരുന്നു.

ബൈക്കുമായി കടന്നുകളഞ്ഞ ഇയാൾ ഏറെ നേരമായി തിരിച്ചുവരാതിരുന്നതിനെത്തുടർന്ന് ചതി മനസ്സിലാക്കിയ ഷോറൂം ജീവനക്കാർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ വയനാട് കൽപ്പറ്റയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.

പ്രതി വിഷ്ണു ശ്രീകുമാറിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നാല് സ്ത്രീപീഢന കേസുകൾ, മോഷണം, മാല പൊട്ടിക്കല്‍ ഉള്‍പ്പടെ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version