Site icon Fourteen Kerala – 14 Kerala News

പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട് : പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി.

ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്.

സംഘത്തിന് സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസവും അറസ്റ്റിലായി.

സംഭവത്തില്‍ പൊലീസും വനം വകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ പ്രധാന പ്രതി നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പൊലീസിന്‍റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Exit mobile version