Site icon Fourteen Kerala – 14 Kerala News

ഡോക്ടർ വന്ദന ദാസ് കൊലപാതകം; അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്

ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. റൂറൽ എസ്.പി. എം.എൽ. സുനിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. എഫ്ഐആറിലെ പിഴവുകൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം മാറ്റിയത്.

കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയില്ല. പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ച ആളെയും കണ്ടെത്താനായിട്ടില്ല. പുലർച്ചെ പ്രതി പൊലീസിനെ ഫോണിൽ വിളിക്കുന്നതിന് മുൻപ് ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികക്ക് വീഡിയോ സന്ദേശം അയച്ചു. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യ നില മെച്ചപ്പെട്ട ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

ഇതിനിടെ ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎ നടത്തിവന്ന സമരം പിൻവലിച്ചു. സംഘടനയുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവം പരിഗണിച്ചു. പിജി ഡോക്‌ടേഴ്‌സിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഓർഡിനൻസ് കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം മുഖവിലയ്‌ക്കെടുക്കുന്നതായി ഐഎംഎ അറിയിച്ചു.

ഈ മാസം പത്തിനാണ് കേരള ഞെട്ടിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

ഡോ വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്നാണ് എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

Exit mobile version