Site icon Fourteen Kerala – 14 Kerala News

നവജാത ശിശുവിനെ വിറ്റ സംഭവം; മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തിരുവല്ലം സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇവരുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ പൊഴിയൂർ സ്വദേശികളാണ് എന്നതല്ലാതെ മറ്റൊരു വിവരവും ഇവരെക്കുറിച്ചു ലഭ്യമല്ലെന്നാണ് യുവതിയുടെ മൊഴി. ആശുപത്രിയിലും മറ്റും ഇവർ നൽകിയത് വ്യാജ മേൽവിലാസമാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ തനിക്ക് വിറ്റത് എന്നാണ് യുവതി നൽകിയ മൊഴി. ഈ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പോലീസ് നിഗമനം.

ആശുപത്രിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിച്ചു അന്വേഷണം നടത്താനാണ് പോലീസ് ശ്രമം. കഴിഞ്ഞ പത്താം തീയതിയാണ് തൈക്കാട് ആശുപത്രിയിൽ നാല് ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്ക് മാതാപിതാക്കൾ വിറ്റത്. സംഭവത്തിൽ വിശദീകരണവുമായി കുട്ടിയെ വാങ്ങിയ യുവതി രംഗത്തെത്തിയിരുന്നു. മക്കൾ ഇല്ലാത്തതിനാൽ വളർത്താൻ ആണ് കുട്ടിയെ വാങ്ങിയതെന്നായിരുന്നു യുവതിയുടെ വാദം. സൗഹൃദത്തിന്റെ പേരിലാണ് ഇത് ചെയ്‌തത്‌. കുഞ്ഞിനായി മാതാപിതാക്കൾക്ക് മൂന്ന് ലക്ഷം നൽകി. കുട്ടിയുടെ യഥാർഥ പിതാവ് ആവശ്യപ്പെട്ടത് കൊണ്ടാണ് പണം നൽകിയതെന്നും യുവതി പറഞ്ഞു.

അതിനിടെ, അഞ്ചു വർഷം മുൻപ് ഇതേ സ്‌ത്രീ മറ്റൊരു പെൺകുട്ടിയെ വാങ്ങിയിരുന്നതായി ചൈൽഡ് ലൈനിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ പിന്നീട് മറ്റൊരാൾക്ക് കൈമാറിയതായും സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിക്കും. തമ്പാനൂരിലെ ചൈൽഡ് ലൈനിന് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ തമ്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെടുത്തതും സിഡബ്‌ള്യൂസിയുടെ സംരക്ഷണയിൽ ആക്കിയതും

Exit mobile version