Site icon Fourteen Kerala – 14 Kerala News

പത്തനംതിട്ടയിൽ കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി സജി (28), ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.

കട്ടപ്പന സ്വദേശി ദേവന്‍ (28), പാലക്കാട് സ്വദേശി അനീഷ് (34) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 11.45ന് മേലെ വെട്ടിപ്രം ജങ്ഷന് സമീപത്തായിരുന്നു അപകടം. അപകടത്തിൽപെട്ട നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍വശത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ പിറകെ വന്ന ബൈക്കിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സജിയെയും ശ്രീജിത്തിനെയും ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ പൊലീസ് കേസെടുത്തു.

Exit mobile version