Site icon Fourteen Kerala – 14 Kerala News

ക്ലാസിൽ ബഹളമുണ്ടാക്കി; അധ്യാപിക മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മുഖത്തടിച്ചതായി പരാതി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.

വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂൾ വിദ്യാർത്ഥിയായ മൂന്നാം ക്ലാസുകാരൻറെ കരണത്താണ് അധ്യാപിക അടിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി, ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് കുട്ടി പറയുന്നത്.

വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോൾ ടീച്ചർ അടിച്ച കാര്യം അമ്മയോട് പറഞ്ഞു. വേദന മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.

Exit mobile version