Site icon Fourteen Kerala – 14 Kerala News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. അഞ്ചു കേസുകളില്‍ നിന്ന് അഞ്ച് കിലോഗ്രാമോളം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുല്‍ ആശിഖ് (29), മലപ്പുറം തവനൂര്‍ സ്വദേശി അബ്ദുല്‍ നിഷാറില്‍ (33), കോഴിക്കോട് കൊടുവള്ളി അവിലോറ സ്വദേശി സുബൈറില്‍ (35), വടകര വില്ലിയാപ്പള്ളി സ്വദേശി താച്ചാര്‍ കണ്ടിയില്‍ അഫ്നാസില്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജ വഴി അബ്ദുല്‍ ആശിഖ് കമ്പ്യൂട്ടര്‍ പ്രിന്ററിന്റെ പാര്‍ട്സായി വച്ചു കൊണ്ടുവന്ന 995 ഗ്രാം തങ്കമാണ് പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന അബ്ദുല്‍ നിഷാറില്‍ നിന്ന് 1158 ഗ്രാം സ്വര്‍ണമിശ്രിതവും, സുബൈറില്‍ നിന്ന് 1283 ഗ്രാം സ്വര്‍ണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്സൂളുകളുമാണ് പിടികൂടിയത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന അഫ്നാസില്‍ നിന്നും ന്യൂട്ടല്ല സ്‌പ്രെഡ് ജാറിനുള്ളില്‍ കലര്‍ത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വര്‍ണമിശ്രിതവും പിടികൂടി.

കൂടാതെ വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി. അതേസമയം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും കസ്റ്റംസ് പിടികൂടി.

Exit mobile version