Site icon Fourteen Kerala – 14 Kerala News

ചുരത്തിലെ ഗതാഗതക്കുരുക്ക്: പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കലക്ടർ

കൽപറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് ജില്ല ഭരണകൂടവുമായി ചർച്ച നടത്തുന്നുണ്ടെന്നും വൈകാതെ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും വയനാട് ജില്ല കലക്ടർ എ.ഗീത അറിയിച്ചു.

ചരക്കുലോറികളും ടിപ്പർ ലോറികളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് തിരക്കേറിയ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെന്നും ചുരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പത്തു ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരത്തിനാവശ്യമായ പരിഹാരം തേടാനാണ് ശ്രമമെന്നും വിഷയത്തിൽ ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസുമായും ചർച്ച നടത്തുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് പലതവണയായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കാലങ്ങളായി തുടരുന്ന ചുരത്തിലെ ഗതാഗത കുരുക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂടുതലാവുന്ന അവസ്ഥയാണിപ്പോൾ. തിരക്കേറിയ സമയങ്ങളിൽ പോലും ചരക്ക് ലോറികളും ടിപ്പർ ലോറികളും അമിത ഭാരവുമായി ചുരം കയറുന്നതും കുരുക്കിനിടയാക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.

Exit mobile version