Site icon Fourteen Kerala – 14 Kerala News

ഒരു കവുങ്ങില്‍ നിന്ന് മറ്റൊന്നിലേക്ക് കയറാന്‍ ശ്രമം; കവുങ്ങ് മരം പൊട്ടി യുവാവിന് ദാരുണാന്ത്യം

വയനാട് : അടക്കപറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വയനാട്ടില്‍ യുവാവിന് ദാരുണന്ത്യം. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്.

പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ അടക്ക പറിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു അപകടം. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഉടന്‍ അദ്ദേഹത്തെ പുല്‍പ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഉള്‍വശം കേടായ തുടങ്ങിയ കവുങ്ങില്‍ നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടിപൊട്ടി മനോജ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കൂടെ ജോലി ചെയ്തിരുന്നവര്‍ പറയുന്നത്.

താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മരം മുറിക്കുന്നതടക്കമുള്ള ജോലികള്‍ക്കായിരുന്നു മനോജ് പോയിരുന്നതെങ്കിലും പണി കുറവായതും അടക്കവിളവെടുപ്പ് കാലമായതിനാലും ഏതാനും ദിവസങ്ങളായി കവുങ്ങ് കയറ്റമായിരുന്നു ജോലി.

നിഷയാണ് മനോജിന്റെ ഭാര്യ. മക്കള്‍: നിത്യ, മനേഷ്, മനീഷ്.

Exit mobile version