Site icon Fourteen Kerala – 14 Kerala News

തൃശ്ശൂരില്‍ നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസ് മുഖ്യപ്രതി പ്രവീണ്‍ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊച്ചി കലൂരിലെ ഫ്ളാറ്റില്‍ പോലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് കടന്നു കളഞ്ഞത്.ചാലക്കുടിയില്‍ വച്ച് കാര്‍ തടഞ്ഞെങ്കിലും പ്രവീണ്‍ റാണ കാറില്‍ ഉണ്ടായിരുന്നില്ല. നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 കേസുകളാണ് തൃശ്ശൂര്‍ ഈസ്റ്റ് , വെസ്റ്റ് , കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ നിന്നുള്ള സംഘം കൊച്ചി കലൂരിലുളള ഫ്ളാറ്റില്‍ പരിശോധന നടത്തുന്നതിന് തൊട്ടുമുമ്പാണ് പ്രവീണ്‍ റാണ രക്ഷപ്പെട്ടത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അവിടെ നിന്നും സുഹൃത്തുക്കള്‍ക്കാപ്പം താഴേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയ ശേഷം നേരെ ചാലക്കുടി ഭാഗത്തേക്കാണ് പ്രവീണ്‍ റാണ പോയത്. അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ വെച്ച് കടന്നു കളഞ്ഞതായാണ് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്. രാജ്യം വിട്ടു പോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലടക്കം പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവീണ്‍ റാണയെ ഉടന്‍ പിടികൂടാന്‍ കഴിയും എന്നാണ് പോലീസിന്റെ പ്രതീക്ഷ.

Exit mobile version