Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; എട്ട് മരണം; അപകടത്തില്‍പ്പെട്ടത് തേനി സ്വദേശികള്‍

ഇടുക്കി: ഇടുക്കിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കുമളിയ്‌ക്ക് സമീപം തമിഴ്‌നാട് അതിർത്തിയിലുണ്ടായ അപകടത്തിൽ എട്ട് തീർത്ഥാടകർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരാണ് മരിച്ചത്.

കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. കുമളി-കമ്പം റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്.

പാലത്തിൽ ഇടിച്ചപ്പോൾ വാനിലുണ്ടായിരുന്ന ഏഴ് വയസുകാരൻ പുറത്തേക്ക് തെറിച്ചുവീണു. ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം വിവരം കുമളി പോലീസിനെ അറിയിച്ചു. തുടർന്ന് കുമളി പോലീസും തമിഴ്‌നാട് പോലീസും ഫയർ ഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. അമിത വേഗതയോ ഡ്രൈവർ ഉറങ്ങി പോയതോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version