Site icon Fourteen Kerala – 14 Kerala News

കിണറ്റിലിറങ്ങിയ യുവാവിനെ പാറക്കല്ലു കൊണ്ട് എറിഞ്ഞു കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം: പാറശാലയില്‍ കിണറില്‍ പണിയെടുത്തിരുന്ന യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമം. ധനുവച്ചപുരം സ്വദേശി സാബുവിന് നേര്‍ക്ക് സുഹൃത്ത് ബിനു പാറക്കല്ലെടുത്ത് എറിയുകയായിരുന്നു. നടുവിന് പരുക്കേറ്റ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഒളിവില്‍ പോയ ബിനുവിനായി പാറശാല പൊലീസ് തിരച്ചില്‍ നടത്തുന്നു. 

പണിക്കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തിന് കാരണം. ധനുവച്ചപുരം സ്വദേശി വിജയകുമാര്‍ എന്നയാളുടെ വീട്ടില്‍ കിണര്‍ കുഴിക്കുകയായിരുന്നു സാബു. കിണറ്റിന്‍കരയില്‍ വന്ന ബിനു സാമ്പത്തിക ഇടപാടിന്‍റെ പേരില്‍ കയര്‍ത്തു സംസാരിച്ചു. തുടര്‍ന്ന് പാറക്കല്ലെടുത്ത് സാബുവിനെ ലക്ഷ്യമാക്കി കിണറ്റിലേക്ക് ഇടുകയായിരുന്നു. ശരീരത്ത് പാറക്കല്ല് വീണതോടെ സാബു ബോധരഹിതനായി. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം സാബുവിനെ പുറത്തെത്തിച്ചത്. 

നടുവിന് ഗുരുതരമായി ക്ഷതമേറ്റ സാബു നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശാല പൊലീസ് വധശ്രമത്തിന് കേസെടുത്തു. സാബുവിനെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട ബിനുവിനായി തിരച്ചില്‍ തുടരുകയാണ്.

Exit mobile version