Site icon Fourteen Kerala – 14 Kerala News

ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവില 21 പേർക്ക്; പട്ടികയിൽ ഇന്ത്യൻ താരങ്ങളില്ല

ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവില 21 താരങ്ങൾക്ക്. 2 കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവില. പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഉൾപ്പെട്ടിട്ടില്ല.

ലേലത്തിൽ ഉയർന്ന വില ലഭിക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ സാം കറൻ, ബെൻ സ്റ്റോക്സ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരുടെയൊക്കെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിൽ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കറന് പൊന്നും വില ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആകെ 991 പേരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 714 ഇന്ത്യൻ താരങ്ങളും 277 വിദേശ താരങ്ങളുമുണ്ട്. ഇവരിൽ ലേലത്തിനെത്തുക ഐപിഎൽ ഫ്രാഞ്ചൈസികൾ ചേർന്ന് ഫൈനലൈസ് ചെയ്ത താരങ്ങളാവും. ഡിസംബർ 9നു മുൻപ് ഫ്രാഞ്ചൈസികൾ ഈ പട്ടിക കൈമാറണം. ആകെ 87 താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് വാങ്ങാം. ഇതിൽ 30 പേർ വിദേശതാരങ്ങളാവാം.

ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 57 താരങ്ങൾ ഓസീസിൽ നിന്ന് ഐപിഎൽ ലേലത്തിൻ്റെ ഭാഗമാവും. എന്നാൽ സ്റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവർ ലേലത്തിൽ ഇല്ല. നായകൻ പാറ്റ് കമ്മിൻസും ഐപിഎലിൽ നിന്ന് പിന്മാറി.

Exit mobile version