Site icon Fourteen Kerala – 14 Kerala News

കക്കൂസ്‌മാലിന്യം തള്ളുന്നത് തടയാൻ 16 നിരീക്ഷണക്യാമറകളുമായി റെസിഡന്റ്‌സ് കൂട്ടായ്മ

കോഴിക്കോട് : നിരന്തരമായി കക്കൂസ്‌മാലിന്യം തള്ളുന്നത് പിടികൂടാൻ സി.സി.ടി.വി. ക്യാമറയുമായി റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മ. മായനാട് മാലിന്യ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ അഞ്ച് റെസിഡന്റ്‌സ് അസോസിയേഷനുകളാണ് സൗഹൃദ കൂട്ടായ്മയിൽ പങ്കാളികളാവുന്നത്.

ഒന്നരക്കിലോമീറ്ററോളം വരുന്ന വെള്ളിപറമ്പ്- മായനാട് എം.എൽ.എ. റോഡിലാണ് 16 ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിൽ രണ്ടെണ്ണം 50,000 രൂപ വിലവരുന്ന ആട്ടോമാറ്റിക് നമ്പർ പ്‌ളേറ്റ് റെക്കഗ്‌നിഷൻ ക്യാമറയാണ്. മൊത്തം അഞ്ച് ലക്ഷത്തിലേറെ ചെലവ് വരുമെങ്കിലും നാട്ടുകാർ സന്നദ്ധരായി സ്ഥാപിക്കൽ ജോലി ഏറ്റെടുത്തതോടെ ചെലവ് ഒരു ലക്ഷത്തോളം കുറയ്ക്കാൻ കഴിഞ്ഞതായി സമിതി പ്രസിഡന്റ് പി. ഷാജി പറഞ്ഞു. ‌

കോഴിമാലിന്യം, ഭക്ഷണ മാലിന്യം എന്നിവയും എം.എൽ.എ. റോഡിലെ വയലിലും ഓവുചാലിലും പതിവായിതള്ളുന്നത് നാട്ടുകാർതന്നെ രാത്രിയിൽ കാത്തിരുന്ന് പലതവണപിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഒരുതവണയാണ് ടാങ്കർ ലോറിക്ക് പിഴ ചുമത്തിയതെന്നും പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞവർഷം മാത്രം പത്തോളം ടാങ്കർലോറികളിലാണ് കക്കൂസ് മാലിന്യം പ്രദേശത്ത് തള്ളിയത്. പല സ്ഥലങ്ങളിൽ നിന്നും രാത്രിയിൽ എത്തുന്ന വാഹനത്തിന്റെ നമ്പർ വ്യക്തമായി കിട്ടിയാൽ അധികൃതർക്ക് നടപടിയെടുക്കാൻ സൗകര്യമാകുന്നതോടൊപ്പം നിരീക്ഷണത്തിലാണെന്നറിഞ്ഞാൽ മാലിന്യംതള്ളുന്നത് കുറയുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിക്കും. മെഡിക്കൽ കോളേജ് പോലീസ് അസി. കമ്മിഷണർ കെ. സുദർശൻ സ്വിച്ച്ഓൺ നടത്തും.

Exit mobile version