Site icon Fourteen Kerala – 14 Kerala News

തലശ്ശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയിൽ

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടി. തലശ്ശേരി എ സി പി നിഥില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെയാണ് കണ്ണൂര്‍ തലശേരിയില്‍ സംഘര്‍ഷത്തിനിടെ സിപിഐഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് കുത്തേല്‍ക്കുന്നത്. ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

Exit mobile version