Site icon Fourteen Kerala – 14 Kerala News

കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. 2 പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. പുനഃസംഘടിപ്പിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നത്തലയെ പരിഗണിക്കുന്നതായും സൂചനയുണ്ട്.

നെഹ്‌റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും നാളെ മുതല്‍ കോണ്‍ഗ്രസിനെ നയിക്കുക. നാളെ രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖര്‍ഗെ കടക്കും.

ആദ്യം പതിനൊന്ന് അംഗ ദേശീയ സമിതിയാകും പ്രഖ്യാപിക്കുകയെന്നാണ് വിവരം. കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തലയുടെ പേരും ഇതിലേക്ക് പരിഗണിക്കുന്നുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചെന്നത്തലയെ പരിഗണിയ്ക്കുന്നതെന്നാണ് സൂചന. വ്യത്യസ്ത ഘട്ടങ്ങളിലായി 20 ല്‍ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് രമേശ് ചെന്നിത്തല.
നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി ചുമതല രമേശ് ചെന്നിത്തല ആണ് കൈകാര്യം ചെയ്യുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും.

Exit mobile version