Site icon Fourteen Kerala – 14 Kerala News

ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹർമൻജോത് ഖബ്ര ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി.

എടികെ മോഹൻ ബഗാനെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. ബ്ലാസ്റ്റേഴ്‌സ് ആദ്യ മിനിറ്റുകളിൽ ഹർമൻജോത് ഖബ്രയിലൂടെ ആദ്യ ഗോൾ നേടി. ഖബ്രയുടെ ഒന്നാന്തരം ഹെഡർ അമരീന്ദറിനെ കാഴ്‌ചക്കാരനാക്കി. ഇടതുവശത്ത്‌ ലൂണയായിരുന്നു ഗോളിലേക്ക്‌ വഴിയൊരുക്കിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡീഷ കടുത്ത ആക്രമണം നടത്തി.

രണ്ടാം പകുതിയിൽ ജെറി ടീമിനായി സമനില ഗോൾ കണ്ടെത്തി. കാർലോസ്‌ ഡെൽഗാഡോയുടെ ഷോട്ട് ഗിൽ തട്ടിയിട്ടെങ്കിലും ഓടിയെത്തിയ ജെറി അതിനെ വലയിലെത്തിച്ചു. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായെത്തിയ പെഡ്രോ മാർട്ടിൻ ലോങ്‌ റേഞ്ച്‌ ഷോട്ടിലൂടെ ഗില്ലിനെ കീഴടക്കി. പ്രതിരോധത്തിന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്.

Exit mobile version