Site icon Fourteen Kerala – 14 Kerala News

എകെജി സെന്‍റര്‍ ആക്രമണ കേസ്; ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യം. ഹൈക്കോടതിയാണ് ജിതിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വിജു എബ്രഹാമാണ് വിധി പറഞ്ഞത്. കഴിഞ്ഞ മാസം 22നാണ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജിതിന്‍ നേരത്തെ നല്‍കിയിരുന്ന ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഒറ്റവാക്കാലായിരുന്നു അന്ന് കോടതി വിധി പറഞ്ഞത്.

എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആക്രമണസ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. ജിതിന് എതിരെ മറ്റു ഏഴു കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം.

കഴിഞ്ഞ ജൂണ്‍ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Exit mobile version