Site icon Fourteen Kerala – 14 Kerala News

എകെജി സെന്‍റര്‍ ആക്രമണം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങള്‍ക്ക് കൈമാറി. സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.

ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജിതിന്‍ സ്‌ഫോടകവസ്തു എറിയാനുപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്റെ പങ്ക് വ്യക്തമായത്. സുഹൈലിന്റെ ഡ്രൈവര്‍ സുബീഷിന്റെ ഉടസ്ഥതയിലുള്ള സ്‌കൂട്ടറാണ് ജിതിന്‍ ഉപയോഗിച്ചത്. സംഭവ ദിവസം രാത്രിയില്‍ ഗൗരീശപട്ടത്ത് ഈ സ്‌കൂട്ടര്‍ എത്തിച്ചത് നവ്യയാണ്. ഗൗരീശപട്ടത്ത് നിന്നും സ്‌കൂട്ടറോടിച്ച് സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിന്‍ സ്‌കൂട്ടര്‍ നവ്യക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. നവ്യ ഈ സ്‌കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് ജിതിനിലേക്ക് അന്വേഷണമെത്തിയത്.

കേസില്‍ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്‌കൂട്ടര്‍ കൈമാറിയത് നവ്യ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സ്‌ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ജിതിന്റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവില്‍ പോയത്.

Exit mobile version