Site icon Fourteen Kerala – 14 Kerala News

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 3386 ഗ്രാം സ്വർണ സംയുക്തവും 428 ഗ്രാം സ്വർണവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സഫ്വാൻ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അൻവർ സാദിഖ് (27), വയനാട് സ്വദേശികളായ അർഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുൾ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.

സ്പൈസ് ജെറ്റ് വിമാനത്തിൽ അബുദാബിയിൽ നിന്നാണ് മുഹമ്മദ് സഫ്വാൻ ഇവിടെയെത്തിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന യിൽ സംശയം തോന്നി കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1175 ഗ്രാം സ്വർണസംയുക്തം കണ്ടെടുത്തത്. 4 ക്യാപ്സ്യൂളുകളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിത രൂപത്തിൽ ഉള്ള സ്വർണം.

സ്പൈസ് ജെറ്റിന്റെ ഷാർജ -കോഴിക്കോട് വിമാനത്തിലാണ് അൻവർ സാദിഖ് എത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ 1131 ഗ്രാം സ്വർണ സംയുക്തമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഒമാൻ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനത്തിലാണ് അർഷാദ് ഇറ എത്തിയത്. ഇയാളും മലദ്വാരത്തിൽ ആണ് സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നത്. 4 ക്യാപ്സ്യൂളുകളിലായി 1080 ഗ്രാം സ്വർണ മിശ്രിതം ആണ് ഇയാളിൽനിന്നു കണ്ടെടുത്തത്.

Exit mobile version