Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ പുലിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്; സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്

ഇടുക്കി: മാങ്കുളത്ത് സ്വയരക്ഷക്കായി പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ഗോപാലന്‍ പുലിയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

ജനവാസ കേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ സ്വയരക്ഷക്കായി കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ ഒരു മാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. ഇരുപതില്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. പക്ഷെ പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു. പ്രദേശത്ത് ഭീതി പരത്തിയ പുലി ചത്തതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്ത് നിന്നും മാറ്റി.

Exit mobile version