Site icon Fourteen Kerala – 14 Kerala News

റെസ്റ്റ്ഹൗസുകളിൽ ഇലക്‌ട്രിക് ചാർജിങ് സെന്ററുകൾ സ്ഥാപിക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കൊടുവള്ളി : തിരഞ്ഞെടുക്കപ്പെട്ട പൊതുമരാമത്ത് റെസ്റ്റ്ഹൗസുകളിൽ ഇലക്‌ട്രിക് ചാർജിങ് സെന്ററുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ സോളാർ ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ കൊടുവള്ളിയിലെ വെണ്ണക്കാട്ട് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതുസംബന്ധിച്ച് വൈദ്യുതി വകുപ്പുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സോളാർ ഇ.വി. ചാർജിങ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള 50 കിലോവാട്ട് സൗരോർജ സംവിധാനത്തിൽനിന്ന്‌ ഒരുദിവസം ഏകദശം 200 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഒരു കിലോവാട്ടിന് 20,000 രൂപ നിരക്കിൽ 50 കിലോവാട്ടിന് 10 ലക്ഷം രൂപ അനെർട്ട് സബ്‌സിഡി നൽകുന്ന പദ്ധതിപ്രകാരമാണ് ഈ സോളാർ പ്ലാന്റ് സ്ഥാപിച്ചത്.

ഒരേസമയം രണ്ട് കാറുകൾ ചാർജ് ചെയ്യുന്നതിനുള്ള 142 കിലോവാട്ട് മെഷീൻ, മൂന്ന് ഓട്ടോറിക്ഷകൾ ചാർജ് ചെയ്യുന്നതിനുള്ള 10 കിലോവാട്ട് മെഷീൻ, കൂടാതെ ഇലക്‌ട്രിക്‌ ബൈക്ക്, ഇലക്‌ട്രിക് സ്‌കൂട്ടർ എന്നിവ ചാർജ്ചെയ്യുന്നതിനുള്ള 7.5 കിലോവാട്ട് ശേഷിയുള്ള മെഷീൻ എന്നിവയാണ് ഈ ചാർജിങ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ളത്.

അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയർ ലാബ് എന്ന സ്ഥാപനമാണ് ചാർജിങ് മെഷീനുകൾ സ്ഥാപിച്ച് പദ്ധതി പൂർത്തിയാക്കിയത്. കഫ്റ്റിരിയയും ശുചിമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ എം.എൽ.എ.മാരായ പി.ടി.എ. റഹിം, എം.കെ. മുനീർ, നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു, അനെർട്ട് ഇ-മൊബിലിറ്റി ഡിവിഷൻ മേധാവി ജെ. മനോഹരൻ, അനെർട്ട് ജില്ലാ എൻജിനിയർ ഇ.ആർ. അമൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Exit mobile version