Site icon Fourteen Kerala – 14 Kerala News

സെൻട്രൽ ഹാളിൽ വീണ്ടുമൊരു ചരിത്ര മുഹൂർത്തം, ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ. 

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും കക്ഷിനേതാക്കളും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ വിശിഷ്ടമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു പരിപാടികൾ. 

ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയിൽ ദ്രൗപതി മുര്‍മു പറഞ്ഞു. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്നും തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വളരെ വലിയ സന്ദേശമാണ് നൽകുന്നതെന്നും വലിയ സ്വപ്നങ്ങളും കാണാനും അതു നേടിയെടുക്കാനുമുള്ള ആത്മവിശ്വാസം ഈ സ്ഥാനരോഹണത്തിലൂടെ പാവപ്പെട്ടവർക്ക് കിട്ടുമെന്ന് ദ്രൗപതി മുര്‍മു പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ദുർബല ജനവിഭാഗങ്ങൾക്ക് തന്നിൽ അവരെ തന്നെ കാണാനാവുമെന്നും പാവപ്പെട്ടവർക്ക് വേണ്ടിയാവും താൻ പ്രവർത്തിക്കുകയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. 

Exit mobile version