Site icon Fourteen Kerala – 14 Kerala News

കാട് കയറാതെ ആനകള്‍, കൃഷികള്‍ നശിപ്പിക്കുന്നു, പൊറുതിമുട്ടി കോതപാറക്കാര്‍

ഇടുക്കി: തുട‍ര്‍ച്ചയായ കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയിരിക്കുയാണ് ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയിലെ കർഷകർ. നിരവധി പേരുടെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടിലേക്ക്  കയറാതെ വനാതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇടുക്കി വന്യജീവി സങ്കേതോട് അതിർത്തി പങ്കിടുന്ന മേഖലയാണ് ഉപ്പുതറ പഞ്ചായത്തിലെ കോതപാറ. ഇവിടെയാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്നത്. രാത്രി കാലങ്ങളിൽ കൃഷിയിടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വാഴ, ഏലം തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ്.

രാത്രിയിൽ പേടിച്ചിട്ട് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനും കഴിയുന്നില്ല. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച് വൈദ്യുത വേലി തക‍ർന്ന് കിടക്കുന്ന ഭാഗത്തൂടെയാണ് കാട്ടാനകളെത്തുന്നത്. കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ പകൽ കോതപാറമേട്ടിൽ തമ്പടിക്കുകയാണിപ്പോൾ. മൂന്നെണ്ണമാണ് ഈ കൂട്ടത്തിലുള്ളത്. ആനകളെ തുരത്താൻ നടപടികളുണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരം നടത്താനാണ് ക‍ർഷകരുടെ തീരുമാനം.

Exit mobile version