Site icon Fourteen Kerala – 14 Kerala News

അഴീക്കോട് സ്കൂൾ കോഴ: കെഎം ഷാജിക്കെതിരായ കേസിൽ വീണ്ടും തെളിവെടുപ്പ് നടത്തി വിജിലൻസ്

കണ്ണൂർ: അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജിക്കെതിരായ കേസിൽ വീണ്ടും അന്വേഷണവുമായി വിജിലൻസ് സംഘം. ഒരു വർഷത്തോളമായി അന്വേഷണത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് വിജിലൻസ് സംഘം അഴീക്കോട് സ്കൂളിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിൽ തെളിവെടുപ്പിന് എത്തിയത്.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണ സംഘം തെളിവെടുപ്പിനായി വീണ്ടും അഴീക്കോട് സ്കൂളിലെത്തിയത്.

Exit mobile version