Site icon Fourteen Kerala – 14 Kerala News

കാലാവധി കഴിഞ്ഞു, കരിമ്പട്ടികയിലും വന്നു; കല്ലാച്ചി –വളയം റോഡ് പണി കുഴിയിൽ തന്നെ

നാദാപുരം :കല്ലാച്ചി –വളയം റോഡിൽ കൂടിയുള്ള യാത്ര ദുസ്സഹം. വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതും യാത്രക്കാർക്കു പരുക്കേൽക്കുന്നതുമെല്ലാം നിത്യസംഭവമാണ്. ഓത്തിയിൽ മുക്ക് മുതൽ കുറുവന്തേരി റോഡ് കവല വരെയുള്ള ഭാഗത്തെ പണി സിപിഎം നേതാവായ കാസർകോട് സ്വദേശി ഏറ്റെടുത്തത്  2020 ഫെബ്രുവരി 10ന് ആണ്. ഒക്ടോബർ 18 വരെയായിരുന്നു കാലാവധി. പണി തീരാത്തതിനാൽ 165 ദിവസം  നീട്ടിക്കൊടുത്തു. 2021 മാർച്ച് 31 ന് അകം പണി തീർക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, കാര്യമായ പണിയൊന്നും നടന്നില്ല. ഇതോടെ സിപിഎം അടക്കം കരാറുകാരനെതിരെ തിരിഞ്ഞു. സമരങ്ങൾ പല വഴിക്കു നടന്നു.

വീണ്ടും കാലാവധി നീട്ടാൻ കരാറുകാരൻ അപേക്ഷിച്ചു.ഒരു വർഷം കൂടി നീട്ടിക്കൊടുത്തു. ഈ മാർച്ച് 30 വരെയായിരുന്നു കാലാവധി. പണിയിൽ പുരോഗതിയൊന്നും കാണാതായതോടെ കരാറുകാരനെ പങ്കെടുപ്പിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഇനി നീട്ടാനാകില്ലെന്നും മാർച്ച് 30നു പണി തീർക്കണമെന്നും നിർദേശിച്ചു. പൊതുമരാമത്ത് നൽകിയ മെമ്മോകൾക്കൊന്നും ഒരു മറുപടിയും നൽകിയില്ലെങ്കിലും ഒരു മാസം കൂടി  കാലാവധി നീട്ടിക്കൊടുത്തു. കഴിഞ്ഞ ഏപ്രിൽ 30ന് അതും അവസാനിച്ചു. ആകെ ചെയ്തത് 25% മാത്രം പണി.

ഇതിനിടയിലാണ് രണ്ടാംഘട്ട പണി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏൽപിക്കുമെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം വന്നതും ഉത്തരവിറങ്ങുന്നതും. ഓഗസ്റ്റ് 8 നു മുൻപ് 34,67,524 രൂപ കരാറുകാരൻ തിരിച്ചടയ്ക്കണമെന്നും ഉത്തരവായി.കരാറുകാരനു നൽകാനുള്ള മുഴുവൻ തുകയും തടഞ്ഞു വയ്ക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. പക്ഷേ,അതെല്ലാം പാഴ് വാക്കായി. ടെർമിനേഷൻ ഉത്തരവ് മരവിപ്പിച്ച് കരാർ വീണ്ടും നീട്ടിക്കൊടുത്തു.

കരിമ്പട്ടികയിൽ പെടുത്തുമെന്നു മന്ത്രി പരസ്യമായി പറഞ്ഞ കരാറുകാരനെ വീണ്ടും പണി ഏൽപിക്കുന്നതിനെതിരെ കോൺഗ്രസ് സമരത്തിനിറങ്ങിക്കഴിഞ്ഞു. ബിജെപിയും പ്രതിഷേധ സ്വരമുയർത്തിയിട്ടുണ്ട്. എന്നാൽ, പണി വൈകിയെന്നത് സത്യമാണെങ്കിലും മറ്റൊരു കരാറുകാരനെ പണി ഏൽപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്ക് കാലമേറെ കഴിയുമെന്നാണ് വളയം പഞ്ചായത്ത്  പ്രസിഡന്റ് കെ.പി.പ്രദീഷിന്റെയും സിപിഎമ്മിന്റെയും നിലപാട്. അതിനാൽ, ഈ കരാറുകാരൻ തന്നെ പണി തുടരട്ടെയെന്നും ഇവർ പറയുന്നു.

Exit mobile version