Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കോര്‍പ്പറേഷൻ കെട്ടിട നമ്പര്‍ തട്ടിപ്പ് : അന്വേഷണം വഴിമുട്ടി, ഒപ്പം രാഷ്ടീയ പോരും 

കോഴിക്കോട് : കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പിൽ അന്വേഷണം വഴിമുട്ടി. കേസ് ജില്ലാ ക്രൈംബ്രാ‍ഞ്ചിന് കൈമാറാന്‍ തീരുമാനമെടുത്തെങ്കിലും പുതിയ ടീം അന്വേഷണം തുടങ്ങിയിട്ടില്ല. ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ രാഷ്ടീയ പോരും മുറുകുകയാണ്.

ലക്ഷങ്ങള്‍ കോഴ വാങ്ങി, ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കോഴിക്കോട് കോര്‍പറേഷനിലെ ക്രമക്കേട് കേരളത്തെ തന്നെ ഞെട്ടിച്ചതാണ്. എന്നാല്‍ ഈ സംഭവത്തിലെ അന്വേഷണ പുരോഗതി ഇതിലേറെ അമ്പരപ്പിക്കുകയാണ്. യൂസര്‍നെയിമും പാസ്‍വേര്‍ഡും ചോര്‍ത്തി നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുകയും നികുതി സ്വീകരിക്കുകയും ചെയ്ത സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസായിരുന്നു ആദ്യം കേസ് എടുത്തത്.

കോര്‍പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു കേസ്. രണ്ട് ദിവസത്തിനകം അന്വേഷണം കോര്‍പറേഷന്‍ പരിധിക്ക് പുറത്തുളള ഫറോഖ് ഡിവൈഎസ്പിക്ക് കൈമാറി. സെക്രട്ടറിയുടെ പരാതിയില്‍ പറഞ്ഞ ആറ് കെട്ടിട ഉടമകളില്‍ ഒരാളെ സംഘം അറസ്റ്റ് ചെയ്തു. അയാള്‍ പേര് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുള്‍പ്പെടെ മറ്റ് ആറ് പേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ അന്വേഷണം തുടങ്ങിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ തന്നെ നൂറുകണക്കിന് അനധികൃത കെട്ടിടങ്ങള്‍ കൈക്കൂലി വാങ്ങി ക്രമപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നിട്ടും അന്വേഷണം വിജിലന്‍സിന് കൈമാറാത്തതാണ് വിചിത്രം. 

Exit mobile version