Site icon Fourteen Kerala – 14 Kerala News

തിരുവമ്പാടിയിലും, മുക്കത്തുമായി റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായി പരാതി

കോഴിക്കോട്: തിരുവമ്പാടിയിലും, മുക്കത്തുമായി റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയതായി പരാതി. തിരുവമ്പാടി മണ്ഡല പരിധിയിൽ മാത്രം അമ്പതോളം പേർക്കാണ് പണം നഷ്ടമായത്. കേരളത്തിനകത്തും പുറത്തുമായി ഏകദേശം 400 അധികം ആളുകൾ ഈ തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നും, ജോലി ലഭിക്കുന്നതിനായി ഓരോരുത്തരും ലക്ഷങ്ങൾ നൽകിയതായും പരാതിക്കാർ പറയുന്നു.

എടപ്പാൾ സ്വദേശിയായ അശ്വതി എന്ന വ്യക്തിയാണ് തട്ടിപ്പിന് പിന്നിൽ എന്നും, മുക്കം വല്ലത്തായിപാറ സ്വദേശി ഷിജു, പുല്ലൂരാംപാറ പൊന്നാങ്കയം സ്വദേശി ജനീഷ്, രജിത തുടങ്ങിയവരും ഇതിനോട് കൂട്ടുനിന്നു എന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

തിരുവമ്പാടി, മുക്കം പോലീസ് സ്റ്റേഷനുകളിലാണ് നിലവിൽ പരാതി നൽകിയിട്ടുള്ളത്, റെയിൽവേയിൽ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽ നിന്ന് ഇവർ പണം തട്ടിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും, കേരളത്തിൽ പലയിടത്തും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സമാനമായ തട്ടിപ്പ് കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി മനസിലായിട്ടുണ്ടെന്നും സംഘത്തിലെ പ്രധാനിയായ വനിതയെ ഉടൻ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.

Exit mobile version