Site icon Fourteen Kerala – 14 Kerala News

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാക്കളെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ ജീപ്പ് കസ്റ്റഡിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍

നാദാപുരം: നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാക്കളെ തൂണേരി ബാലവാടിക്കു സമീപം ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ ജീപ്പും ഡ്രൈവറും പിടിയിലായി. വയനാട് തലപ്പുഴ ആലാറ്റില്‍ സ്വദേശി പുന്നക്കര അനീഷിനെയാണ് (35) നാദാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ വി ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് പെരിയ സ്വദേശി തൊഴുതുങ്കല്‍ സുധാകരന്റെ കെഎല്‍ 13 ഇ 4831 ജീപ്പാണ് കസ്റ്റഡിയില്‍.

ജൂണ്‍ 11 ന് വൈകീട്ട് ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം തൂണേരി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷ് ബാബു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കുട്ടങ്ങാത്ത് ഭാസ്‌കരന്‍ എന്നിവര്‍ തൂണേരിയില്‍ നിന്നു കര്‍ഷക തൊഴിലാളി യൂണിയന്‍ യോഗം കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടയിലാണ് നാദാപുരം ഭാഗത്ത് നിന്നുവന്ന ശ്രുതി എന്ന് പേര് എഴുതിയ ജീപ്പ് ഇടിച്ച് വീഴ്ത്തി നിര്‍ത്തതാതെ പോയത്. ഗുരുതരമായി പരിക്കേറ്റ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

സംഭവത്തിന് ശേഷം കോട്ടേമ്പ്രത്ത് താമസിച്ച അനീഷ് പിറ്റേന്നു തലശ്ശേരി വഴി വയനാട്ടിലേക്ക് കടക്കുകയും പിന്നീട് കര്‍ണ്ണാടക പുട്ടയിലെത്തുകയും ജീപ്പില്‍ രൂപ മാറ്റങ്ങള്‍ വരുത്തി പെരിയയില്‍ എത്തുകയായിരുന്നു. അപകടത്തിനിടയാക്കിയ ജീപ്പ് കണ്ടെത്തുന്നതിനായി നാദാപുരം പോലീസ് രണ്ടാഴ്ചയായി നാദാപുരം, കല്ലാച്ചി, കക്കട്ട്, തൂണേരി ടൗണുകളിലെ 100 ലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ജീപ്പ് തിരിച്ചറിഞ്ഞത്. എസ്‌ഐ വി സജീവന്‍, എഎസ്‌ഐ മനോജ് രാമത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ കെ ലതീഷ്, രാജേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version