Site icon Fourteen Kerala – 14 Kerala News

ദേശീയപാത ഓഫിസിൽ ജീവനക്കാരന്റെ അക്രമം; രണ്ടു ജീവനക്കാർക്ക് പരുക്ക്

കോഴിക്കോട് : സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ദേശീയപാത ബൈപാസ് സബ് ഡിവിഷൻ ഓഫിസിലെ ജീവനക്കാരി ഉൾപ്പെടെയുള്ളവരെ ഇതേ ഓഫിസിലെ ജീവനക്കാരൻ ആക്രമിച്ചു പരുക്കേൽപിച്ചു. ഹെഡ് ക്ലാർക്ക് എ.വി.രഞ്ജിനി, സീനിയർ ക്ലാർക്ക് പി.ഫിറോസ് എന്നിവരെയാണു ക്ലാർക്ക് പി.എസ്.അരുൺകുമാർ ആക്രമിച്ചത്.  രാവിലെ 10ന് ആണു സംഭവം. അരുൺകുമാർ കഴിഞ്ഞ 16 മുതൽ അവധിയിലാണ്.

സുഖമില്ലാത്തതിനാലാണു ജോലിക്കു ഹാജരാകാത്തതെന്നു ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. അതുപ്രകാരം ഹാജർ ബുക്കിൽ കാഷ്വൽ ലീവ് രേഖപ്പെടുത്തി. രാവിലെ ഓഫിസിലെത്തിയ അരുൺകുമാർ ലീവ് രേഖപ്പെടുത്തിയതിനു മുകളിൽ ഒപ്പിട്ടു. അതു ശരിയല്ലെന്നു രഞ്ജിനി പറഞ്ഞപ്പോൾ അരുൺകുമാർ അക്രമാസക്തനായി. തുടർന്നു രഞ്ജിനിയെ പിടിച്ചുവലിച്ചു നിലത്തിട്ടു ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തു.

രഞ്ജിനിയെ അക്രമിക്കുന്നതു തടയാൻ ശ്രമിച്ച ഫിറോസിന്റെ മുഖത്ത് ഇടിച്ചു. വലതു കണ്ണിന്റെ താഴെ ഗുരുതരമായി പരുക്കേറ്റു. ഓഫിസിലെയും അടുത്ത ഓഫിസുകളിലെയും ജീവനക്കാരും സന്ദർശകരും ചേർന്നാണു രഞ്ജിനിയെയും ഫിറോസിനെയും രക്ഷപ്പെടുത്തിയത്. ഓഫിസിലെ കസേരയും ഫയലുകളും അരുൺകുമാർ വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു.

തുടർന്നു പുറത്തേക്ക് ഓടി. രഞ്ജിനിയും ഫിറോസും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.എൻ.വിജയരാജ് നടക്കാവ് പൊലീസിൽ പരാതി നൽകി. അരുൺകുമാർ നേരത്തെയും ഓഫിസിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ ജീവനക്കാർ ഒന്നിച്ചു മേലധികാരികൾക്കു പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version