Site icon Fourteen Kerala – 14 Kerala News

നാലു ബൾബും ഒരു ഫാനും മാറാരോഗവും; 18,353 രൂപ കറന്റ് ബില്ലും കൂരിരുട്ടും

കോഴിക്കോട്: ഇടിഞ്ഞുവീഴാറായ വീട്ടിൽ ആകെയുള്ളതു നാലു ബൾബും ഒരു ഫാനും ഒരു റേഡിയോയും മാത്രം. പക്ഷേ, കറന്റ് ബിൽ അടയ്ക്കാനുള്ളത് 18,353 രൂപ! പണമടയ്ക്കാനില്ലാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി ജോലി തീർത്തതോടെ റേഡിയോയും നിലച്ചു. പട്ടാപ്പകലിൽ പോലും കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് ജീവിക്കുന്ന ദമ്പതികൾക്കു കൂട്ടിനുള്ളതു രോഗവും ദാരിദ്ര്യവും മാത്രം. പുതിയറ പുതിയടത്ത് കണ്ടിപറമ്പ് ജയേന്ദ്രനും (69) ഭാര്യ ജയലതയുമാണ് (60) വിധിയുടെ ക്രൂരതയ്ക്കു പിന്നാലെ വൈദ്യുതി ബോർഡിന്റെ ദ്രോഹവും ഏറ്റുവാങ്ങി ദുരിതജീവിതം തള്ളി നീക്കുന്നത്. 

സെക്യൂരിറ്റി ജോലിക്കാരനായിരുന്നു ജയേന്ദ്രൻ. മൂത്രാശയരോഗ ബാധിതനായി കിടപ്പിലായതോടെ ജോലിക്കു പോകാൻ കഴിയാതായി. ജയേന്ദ്രനും ഭാര്യയ്ക്കും കുട്ടികളില്ല. ദമ്പതികൾ മാത്രമുള്ള വീട്ടിൽ നേരത്തേ 200 രൂപയോളമാണു കറന്റ് ബിൽ വന്നിരുന്നത്. പക്ഷേ, കോവിഡ് കാലത്ത് 2020 ഒക്ടോബറിൽ കിട്ടിയത് 4,598 രൂപയുടെ ബില്ല്. കെഎസ്ഇബിയിൽ പരാതിപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ല. തൊട്ടുപിന്നാലെ ഡിസംബറിൽ 11,473 രൂപയുടെ ബിൽ വന്നു. രോഗിയായ ജയേന്ദ്രൻ ഏറെ ബുദ്ധിമുട്ടി കെഎസ്ഇബി ഓഫിസിൽ പോയെങ്കിലും അധികാരികളെ കാണാൻ അനുവദിച്ചില്ല.

പിന്നീടുള്ള ബില്ലുകളെല്ലാം 250 രൂപയിൽ താഴെയാണ്. പക്ഷേ, പഴയ കുടിശിക ഒഴിവാക്കിയില്ല. അതും ചേർത്തു ബിൽ നൽകുന്നതിനാൽ അടയ്ക്കാൻ കഴിഞ്ഞതുമില്ല. കുടിശിക കൂടിക്കൂടി അവസാനം 18,353 രൂപയുടെ ബിൽ വന്നു. അത് അടച്ചില്ലെന്നു പറഞ്ഞു വൈദ്യുതി വിഛേദിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന ജയേന്ദ്രനു മാസം തോറും മരുന്നിനു വലിയ തുക വേണം. വാഹനസൗകര്യമില്ലാത്തതിനാൽ ആശുപത്രിയിൽ പോകുന്നതും മുടങ്ങി. ബന്ധുക്കളുടെയും അയൽവാസികളുടെയും സഹായം കൊണ്ടാണു ജീവിക്കുന്നത്.

 ഓടിട്ട ചെറിയ വീട് പഴക്കം കൊണ്ടു തകർന്ന നിലയിലാണ്. ജനലും അടുക്കള ഭാഗത്തെ വാതിലും ദ്രവിച്ചു വീണുപോയതിനാൽ അവിടെ പ്ലൈവുഡും മറ്റും വച്ചു മറച്ചിരിക്കുകയാണ്. അതോടെ അകത്തേക്ക് ഒട്ടും വെളിച്ചം ഇല്ല. പകലും വിളക്ക് കത്തിച്ചു വയ്ക്കണം. വീടിനകം പെരുച്ചാഴി കിളച്ചു മറിച്ചിട്ടതിനാൽ കല്ലും മുള്ളും കാലിൽ കുത്തിക്കയറാൻ സാധ്യതയുണ്ട്. അകത്തു നടക്കാനും ചെരിപ്പിടണം. നേരത്തേ രാത്രി ലൈറ്റിട്ടു വച്ചാൽ പെരുച്ചാഴി വരില്ലായിരുന്നു.

പുറത്തിറങ്ങാനാവാത്ത ഭർത്താവിനെ നോക്കാൻ ഭാര്യയും മുഴുവൻ സമയവും വീടിനകത്തിരിക്കണം. ആകെയുണ്ടായിരുന്ന റേഡിയോ ആയിരുന്നു ഇരുവർക്കും കൂട്ട്. കറന്റ് പോയതോടെ അതും നിശ്ശബ്ദമായി. അത്യാവശ്യത്തിന് ആരെയെങ്കിലും വിളിക്കാനൊരു ഫോണുണ്ട്. അയൽ‌ക്കാരാണ് അതു ചാർജ് ചെയ്തു കൊടുക്കുന്നത്.

Exit mobile version