Site icon Fourteen Kerala – 14 Kerala News

ഈങ്ങാപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഈങ്ങാപ്പുഴ നടുക്കുന്നുമ്മല്‍ ഗിരീഷിന്റെ മകള്‍ ആഷ്ലി(10), നടുക്കുന്നുമ്മല്‍ ബിജുവിന്റെ മകള്‍ അവന്തിക(10), നടുക്കുന്നുമ്മല്‍ ഷിജുവിന്റെ മകന്‍ അഭിനവ് കൃഷ്ണ(6) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈങ്ങാപ്പുഴ എം ജി എം ഹൈസ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളെയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം നടുക്കുന്നുമ്മല്‍ കയറ്റത്തില്‍ നിന്ന് പിന്നോട്ട് നീങ്ങി തോട്ടിലേക്ക് മറിയുകായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. റോഡിലെ കയറ്റത്തില്‍ നിന്നുപോയ ഓട്ടോറിക്ഷ പിന്നോട്ട് നീങ്ങിയാണ് അപകടം. ഓട്ടോയില്‍ 12 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. 13 വിദ്യാര്‍ത്ഥികളാണ് ഓട്ടോയില്‍ ഉണ്ടാവാറുള്ളതെന്നും എട്ട് പേരെ കയറ്റത്തിന് സമീപം ഇറക്കാറാണ് പതിവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ ഇന്നലെ ആരെയും ഇറക്കാതെയാണ് കയറ്റം കയറിയത്. ഇതാണ് അപകടത്തിന് കാരണമായത്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പതിനഞ്ചോളം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. റോഡിലെ കയറ്റം കുറക്കുന്നതിനും സുരക്ഷാവേലി സ്ഥാപിക്കുന്നതിനും അടിയന്തിര നടപടി വേണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഓട്ടോയില്‍ വിദ്യാര്‍ത്ഥികളെ കുത്തി നിറച്ചതായ ആരോപണം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.

Exit mobile version