Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ടൗണിലെ ഓവുചാൽ നവീകരണം പുനരാരംഭിച്ചു

താമരശ്ശേരി: നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി ടൗണിൽ ഏറെ നാളായി മുടങ്ങിക്കിടന്ന ഓവുചാൽ നവീകരണപ്രവൃത്തി വീണ്ടും ആരംഭിച്ചു. 

താമരശ്ശേരി ടൗണിലെ വെള്ളക്കെട്ടിനു പരിഹാരമായി ഏറെ നാളെത്തെ മുറവിളിക്കുശേഷം ആരംഭിച്ച ഓവുചാൽ നവീകരണം മുടങ്ങിയതോടെ വൻ പ്രതിഷേധം ഉയർന്നുവരികയും പണി ഉഴപ്പിയ കാറുകാരെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് നാമമാത്രമായ രീതിയിൽ പണി പുനരാരംഭിച്ചത്. താമരശ്ശേരി പൊതുമാരത്ത് ഓഫിസിനു മുൻ വശത്താണ് പണി ആരംഭിച്ചത്. 

പ്രവൃത്തി തുടങ്ങി ഒരുമാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്ന് കരാർ എറ്റെടുത്ത നാഥ് കമ്പനി അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ റെസ്റ്റ് ഹൗസിനു മുന്നിലെ കലുങ്ക് പുനർനിർമാണം കഴിഞ്ഞതോടെ പ്രവൃത്തി ഇഴയുകയും പിന്നീട് ഉപേക്ഷിച്ചുപോവുകയുമായിരുന്നു. കലുങ്ക് നിർമിച്ച ഭാഗത്ത് ഓവുചാൽ പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല.

ഇവിടെ ഓവുചാലിന് അടിഭാഗം കോൺക്രീറ്റ് ചെയ്ത് സൈഡ് വാർപ്പിനായി പലക സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അനാഥാവസ്ഥയിൽ കിടക്കുകയാണ്.

ഓവുചാലിന് അടിഭാഗത്ത് കഴിഞ്ഞ ദിവസത്തെ മഴയിൽ ചെളിയും മറ്റും അടിഞ്ഞുകൂടുകയും ചെയ്തു. മഴ തുടങ്ങിയതോടെ കലുങ്ക് നിർമിച്ച ഭാഗത്ത് ടാറിങ് നടത്താത്തതുമൂലം ചെളിക്കുഴിയായി ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്ന അവസ്ഥയിലാണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആരംഭിച്ച ഓവുചാൽ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങി യാത്രക്കാരും ടൗണിലെ വ്യാപാരികളും നാട്ടുകാരും അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് മനോരമ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

Exit mobile version