Site icon Fourteen Kerala – 14 Kerala News

നഗരപരിധിയിൽ പുതിയ മൂന്ന് വാതക ശ്മശാനങ്ങൾ പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട്: നഗരപരിധിയിൽ പുതിയ മൂന്ന് വാതക ശ്മശാനങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇതോടെ പരമ്പരാഗത ശവദാഹം പരിസരവാസികൾക്ക് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ഒഴിവാകും. പരിസ്ഥിതി മലിനീകരണം കുറച്ച് മൃതദേഹം സംസ്‌ക്കരിക്കാൻ കഴിയുമെന്നതാണ് വാതക ശ്മശാനങ്ങളുടെ സവിശേഷത. വെസ്റ്റ്ഹിൽ ശ്മശാനം ഇന്നലെ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പുതിയ പാലത്തെ ശ്മശാനം ചൊവ്വാഴ്ച മേയർ തുറന്നുകൊടുത്തിരുന്നു. നല്ലളം ശാന്തിനഗറിലും വാതകശ്മശാനം ആരംഭിച്ചിട്ടുണ്ട്.

മൂന്നിടങ്ങളിലെയും വാതക ശ്മശാനത്തിന് 1.6 കോടി രൂപയാണ് ചെലവ് വന്നത്. ഇതോടെ വാതക ശ്മശാനങ്ങളിൽ ദിവസം പത്തുവരെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ സാധിക്കും. മുപ്പത് മീറ്ററോളം ഉയരത്തിൽ ചിമ്മിനി സജ്ജീകരിച്ചിരിക്കുന്നതെന്നതുകൊണ്ട് സമീപ പ്രദേശങ്ങളിൽ പുക കൊണ്ടുള്ള പ്രയാസവും കുറയും. വാട്ടർടാങ്ക് വഴി കടത്തിവിട്ട് ശുദ്ധീകരിച്ചാണ് പുക പുറന്തള്ളുന്നത്.

വൈദ്യുത ശ്മശാനത്തേക്കാൾ നിരക്ക് കുറവാണെന്നതും ചൂളയേക്കാൾ കുറഞ്ഞ സമയത്തിൽ സംസ്‌ക്കരിക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
പുതിയ പാലം വാതക ശ്മശാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. നാസർ, പി. ദിവാകരൻ, പി.സി. രാജൻ, കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, ടി. റനീഷ്, എൻ.സി. മോയിൻകുട്ടി, മെഡിക്കൽ ഓഫീസർ ഡോ. മിലു മോഹൻദാസ്, ആർ.ഷാജി, എം.ടി.ഭാസ്‌ക്കരൻ സംസാരിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ്. ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോഗ്യസമിതി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീ സ്വാഗതവും സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു. വെസ്റ്റ്ഹിൽ ശ്മശാനം ഉദ്ഘാടനചടങ്ങിൽ സി.പി. മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി. സുലൈമാൻ സ്വാഗതം പറഞ്ഞു. ഡോ. എസ്. ജയശ്രീ, കെ.യു. ബിനി, ഡോ. മിലു മോഹൻദാസ്, എം.എസ്. ദിലീപ് തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version