Site icon Fourteen Kerala – 14 Kerala News

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ രണ്ടാം ദിനം; എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം; കൊടിക്കുന്നിൽ സുരേഷ് എംപി അറസ്റ്റില്‍

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. എംപിയുടെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും അംഗീകരിച്ചില്ല. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം ദിനമാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്.  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി  കഴിഞ്ഞ ദിവസം ഹാജരായത്. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടറായ രാഹുലിനെ ഇതിൽ നടന്ന പണമിടപാടുകളെയും നിക്ഷേപങ്ങളെയും കുറിച്ച് ധാരണയില്ലെന്ന എന്ന മറുപടി ഇ ഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല. 

കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്. രാഹുലിന്‍റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഇ ഡി യു ടെ അസിസ്റ്റന്‍റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ഇന്നലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കേരളത്തിലെ എംപിമാരടക്കമുള്ള നേതാക്കളെയും രാത്രി വൈകിയാണ് ദില്ലി പൊലീസ് വിട്ടയച്ചത്. 

Exit mobile version