Site icon Fourteen Kerala – 14 Kerala News

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി, കണ്ണൂരിലും യൂത്ത് കോൺഗ്രസ് കരിങ്കൊടി

കണ്ണൂര്‍ : വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് മടങ്ങി. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വപ്ന സുരേഷ് സ്വര്‍ണ കറൻസി കടത്ത് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ ഇതിനിടയിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച് കൊതേരിയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്. മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ കാൾട്ടക്സ് ജംഗ്ഷന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്.  

കാൾട്ടക്സ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. എന്നാൽ ഇവരെ കബളിപ്പിച്ച് അതിന് മുൻപുള്ള സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ടൗൺ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി നീളെ പ്രതിഷേധിക്കാനായിരുന്നു യൂത്ത് കോൺഗ്രസ് തീരുമാനം. 

Exit mobile version