Site icon Fourteen Kerala – 14 Kerala News

രാത്രി വീട്ടിൽ തീപിടിത്തം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

ഫറോക്ക്: കോടമ്പുഴ  തുമ്പപ്പാടത്ത് അടച്ചിട്ട വീടിനു തീ പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. തുമ്പപ്പാടം മണ്ണാരിയിൽ സുലൈഖ താമസിക്കുന്ന വീടിനു രാത്രി ഏഴരയോടെയാണ് തീ പടർന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു അഗ്നിബാധ. ഓടിട്ട വീടിന്റെ മേൽക്കൂര ഭാഗികമായി കത്തി നശിച്ചു. മുറികളിൽ സൂക്ഷിച്ചിരുന്ന ടിവി, കട്ടിൽ, അലമാര, മേശ, വസ്ത്രങ്ങൾ, ഫ്രിജ് ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിച്ചാമ്പലായി. 

മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, ആധാർ കാർഡ്, തുടങ്ങിയ രേഖകൾ, 2 മോതിരം, വീട് നിർമാണത്തിനു സ്വരൂപിച്ച കുറച്ചു പണം എന്നിവയും  തീപിടിച്ചു നഷ്ടമായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു സംശയിക്കുന്നു. വീട്ടിൽ നിന്നു തീ ഉയരുന്നതു കണ്ട നാട്ടുകാർ  അണയ്ക്കാൻ ശ്രമം തുടങ്ങി വിവരം കുടുംബത്തെ അറിയിച്ചു. മീഞ്ചന്തയിൽ നിന്ന് അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന തീ പടരുന്നത് നിയന്ത്രിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Exit mobile version