Site icon Fourteen Kerala – 14 Kerala News

പോലീസ് ചമഞ്ഞ് 10 ലക്ഷം കവർന്ന സംഭവം: നാല്‌ പ്രതികൾ പിടിയിൽ

കോഴിക്കോട് : മാവൂർ റോഡിലെ മാളിൽ പട്ടാപ്പകൽ പോലീസ് ചമഞ്ഞ് 10 ലക്ഷം കവർന്ന കേസിലെ നാലുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയും മലപ്പുറം പറമ്പിൽ പീടികയിൽ വാടകയ്ക്ക് താമസിക്കുന്ന കെ.പി. നവാസ് (45), കണ്ണൂർ മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പിൽ (43), ആലപ്പുഴ ചുങ്കം വാർഡിൽ കരുമാടിപ്പറമ്പ് കെ.എൻ. സുഭാഷ് കുമാർ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസർ (29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബരഹോട്ടലിൽനിന്ന് പിടിയിലായത്. കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവദിവസം അറസ്റ്റ് ചെയ്തിരുന്നു. മേയ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം.

ഒരുകിലോഗ്രാം സ്വർണം വെറും 10 ലക്ഷം അഡ്വാൻസ് നൽകി ബാക്കി തുക കരാറാക്കി ഘട്ടംഘട്ടമായി നൽകിയാൽ മതിയെന്നുപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് ഹോട്ടലുകളിൽ വിളിച്ചുവരുത്തി ഇടപാട് നടത്തുകയും ചെയ്യും. അതിനിടയിൽ സംഘത്തിൽപ്പെട്ട നാലഞ്ചുപേരിൽ ഒരാൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവർ സിവിൽ പോലീസ് ഓഫീസർമാരായും വന്ന് പണം കൈക്കലാക്കി കടന്നുകളയുകയാണ് ഇവരുടെ രീതി.

സംശയംതോന്നി കൺട്രോൾ റൂം പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘാംഗങ്ങളുടെ ആക്രമണത്തിൽ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്. ഷാജിദ് മാളിന്റെ ആറാംനിലയിലെ ബാത്ത്റൂമിന്റെ ജാലകത്തിലൂടെ താഴേക്കു ചാടി രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം കഴിഞ്ഞ ഉടനെ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾ വളാഞ്ചേരിയിൽ ഒരുമിച്ചുകൂടി. മൊബൈൽഫോണുകൾ സ്വിച്ച്ഓഫ് ചെയ്തു. പിന്നീട് ഒളിവിൽപ്പോയി.

Exit mobile version