Site icon Fourteen Kerala – 14 Kerala News

നാദാപുരം ഉമ്മത്തൂർ പുഴയിൽ കാണാതായ കുട്ടിക്കായി നാവികസേനയുടെ തെരച്ചില്‍

നാദാപുരം: ഉമ്മത്തൂര്‍ പുഴയില്‍ കാണാതായ 13 വയസ്സുകാരനായി നാവികസേന തെരച്ചില്‍ നടത്തുന്നു. കൊച്ചി നാവിക അക്കാദമിയില്‍ നിന്നുള്ള പ്രത്രേക പരിശീലനം നേടിയ നേവി സംഘമാണ് തെരച്ചില്‍ നടത്തുന്നത്. പുഴയില്‍ ഹ്യൂമണ്‍ ബോഡിഡിറ്റക്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുടവന്തേരി സ്വദേശി മിസ്ഹബിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മിസ്ഹബിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇന്ന് നാവികസേനയെത്തി തെരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കും.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശവാസികളായ ആറ് വിദ്യാര്‍ത്ഥികള്‍ ഉമ്മത്തൂര്‍ പുഴയുടെ മുടവന്തേരി ഭാഗത്ത് ഇല്ലത്ത് കടവില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടതോടെ നാല് വിദ്യാര്‍ത്ഥികള്‍ കരക്ക് കയറിയെങ്കിലും മുടുവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (12), മിസ്ഹാബ് എന്നിവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ മുഹമ്മദിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ചേലക്കാട്, പാനൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, നാട്ടുകാരും രാത്രി 12 മണിവരെ തിരച്ചില്‍ നടത്തിയെങ്കിലും മിസ്ഹാബിനെ കണ്ടതാന്‍ കഴിഞ്ഞില്ല.

Exit mobile version