Site icon Fourteen Kerala – 14 Kerala News

ബോംബ് സ്ക്വാഡ് പരിശോധനയിൽ 40 ജലറ്റിൻ സ്റ്റിക്കുകൾ കൂടി കണ്ടെത്തി

ഫറോക്ക് : ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 40 ജലറ്റിൻ സ്റ്റിക്കുകൾ കൂടി കണ്ടെത്തി. എഎസ്ഐ എ.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇതിനു പുറമേ തിരിയും കുഴികളിൽ ഉപയോഗിക്കുന്ന കോർക്കുകളും കണ്ടെത്തിയവയിലുണ്ട്. കഴിഞ്ഞ ദിവസം 59 ജലറ്റിൻ സ്റ്റിക്കുകളും 60 വയർ തിരികളും കാണപ്പെട്ട സ്കൂളിലെ ജലസംഭരണിക്കു സമീപത്തു നിന്നു തന്നെയാണ് ഇവയും കിട്ടിയത്.

തമിഴ്നാട് വെട്രിവേൽ എക്സ്പ്ലോസീവ്സ് നിർമിച്ച സ്ഫോടക വസ്തുക്കളാണ്. ഇവ സ്കൂൾ വളപ്പിൽ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ശുചീകരണം നടത്തുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

മൺകൂന നീക്കുന്നതിനിടെ ജലറ്റിൻ സ്റ്റിക്കുകൾ പുറത്തു കണ്ട തൊഴിലാളികൾ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത ജലറ്റിൻ സ്റ്റിക്കുകൾ താൽക്കാലികമായി എക്സ്പ്ലോസീവ് ലൈസൻസുള്ള സ്വകാര്യ സ്റ്റോറിലേക്ക് മാറ്റി.

Exit mobile version