Site icon Fourteen Kerala – 14 Kerala News

പോലീസ് കുടുംബത്തിലെ കാരണവര്‍ കാക്കി അഴിച്ചു; സഹോദരങ്ങള്‍ കാക്കിയണിഞ്ഞ് സേവനം തുടരും

താമരശ്ശേരി: പോലീസ് കുടുംബത്തിലെ കാരണവര്‍ 34 വര്‍ഷത്തെ സേവനത്തിന് ശേഷം കാക്കി അഴിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ പൂളക്കല്‍ പരേതരായ ഖാദറിന്റെയും ആയിശുമ്മയുടേയും മക്കളായ അബ്ദുസ്സലീം, അസ്സൈന്‍, അബ്ദുല്‍ ഹഖീം എന്നിവര്‍ പോലീസിന്റെ കാക്കിയണിഞ്ഞപ്പോള്‍ ഇവരുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ലീഗല്‍ മെട്രോളജിയിലെ അസി. കണ്‍ട്രോളറായി വിരമിച്ചയാളാണ്. പോലീസിലെ ജനകീയനായി അറിയപ്പെട്ട താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ എസ് ഐ. പി സലീം ഇന്നലെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. സലീം എസ് ഐ പടിയിറങ്ങുമ്പോള്‍ നല്ല ഓര്‍മകള്‍ മാത്രമാണ് താമരശ്ശേരിക്കാര്‍ക്ക് പങ്കുവെക്കാനുള്ളത്.

1988 ആഗസ്റ്റ് ഒന്നിനാണ് സലീം കാക്കി അണിഞ്ഞത്. എറണാകുളം റൂറലില്‍ ആയിരുന്നു ആദ്യ നിയമനം. പിന്നീട് വടകര, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, മുക്കം തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റേഷനുകളില്‍ സേവനം ചെയ്തു. എട്ട് വര്‍ഷവും താമരശ്ശേരിയിലായിരുന്നു സേവനം. സി പി ഒ ആയും പിന്നീട് ആറ് വര്‍ഷം എസ് ഐ ആയും. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏതൊരാള്‍ക്കും സലീം എസ് ഐ സുപരിചിതനാണ്. ഏത് പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം നിര്‍ദേശിക്കുന്ന സലീം എസ് ഐ സേവന പ്രവര്‍ത്തനങ്ങളിലും മാതൃക കാണിച്ചിരുന്നു. വഴിയരികില്‍ കഴിയുന്നവര്‍ക്കും സാമ്പത്തികമായും മറ്റും പ്രയാസപ്പെടുന്നവര്‍ക്കും സഹായം എത്തിക്കുന്നതില്‍ എന്നും മുന്‍പിന്തിയിലായിരുന്നു. താമരശ്ശേരി ട്രാഫിക് യൂണിറ്റില്‍ സേവനം ചെയ്യുമ്പോള്‍ റോഡിലെ കുഴികള്‍ അടക്കുന്നതിനും ട്രാഫിക് സിഗ്നലുകള്‍ വൃത്തിയാക്കുന്നതിനുമെല്ലാം മുന്നിട്ടിറങ്ങി.

താമരശ്ശേരി ടൗണിലെ നവീകരണ പ്രവൃത്തി കാരണമായി റസ്റ്റ് ഹൗസിന് സമീപം കള്‍വര്‍ട്ടിന്റെ ഇരുവശത്തും കാരാടി ബസ് സ്റ്റാന്റില്‍ നിന്ന് വാഹനങ്ങള്‍ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുമുള്ള കുഴിയടക്കാന്‍ സലീം എസ് ഐ നേരിട്ടിറങ്ങി. ബസ് ബേക്ക് മുന്നിലെ കുഴിയടക്കാന്‍ വാഹനത്തില്‍ ക്വാറി വേസ്റ്റ് എത്തിച്ച് സലീം എസ് ഐ യുടെ നേതൃത്വത്തില്‍ യൂണിഫോമിലുള്ള പോലീസുകാര്‍ തന്നെ റോഡിലിറങ്ങിയത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ജോലിക്കിടയില്‍ എല്ലാവരോടും സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന സലീം എസ് ഐ സര്‍വീസ് കാലയളവില്‍ ഒരിക്കല്‍ പോലും ശിക്ഷാ നടപടി നേരിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ഏത് പ്രശ്‌നങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കുന്ന സലീം എസ് ഐ യുടെ കഴിവ് സഹപ്രവര്‍ത്തരിലും ആശ്ചര്യം ഉളവാക്കിയിരുന്നു. എങ്ങിനെയാണ് ഇത് കഴിയുന്നതെന്ന ചോദ്യമാണ് പോലീസുകാര്‍ക്കുള്ളത്. ഇപ്പോള്‍ മലയമ്മയില്‍ താമസിക്കുന്ന സലീമിന്റെ സഹോദരന്‍ പി അസ്സൈന്‍ മുക്കം സ്റ്റേഷനിലെ എസ് ഐ ആണ്. ജനമൈത്രി പദ്ധതിയുടെ ചുമതലയുള്ള അസ്സൈന്‍ ജേഷ്ട സഹോദരന്‍ സലീമിനെ പോലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദഗ്ദനാണ്. വര്‍ഷങ്ങളായി വീട്ടിലേക്ക് വഴിയില്ലാതെ പ്രയാസപ്പെട്ടിരുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് അസ്സൈന്‍ എസ് ഐ യുടെ ജനകീയ ഇടപെടല്‍ തുണയായത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങൡും അസ്സൈന്‍ മുന്‍പന്തിയിലാണ്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ ഹഖീം കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലാണ് സേവനം ചെയ്യുന്നത്.

Exit mobile version