Site icon Fourteen Kerala – 14 Kerala News

സ്റ്റാറായി ഐആർസിടിസി; ലാഭം 100 ശതമാനത്തിന് മുകളിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ലാഭത്തിൽ വൻ വർധനവ്. 2022 സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ 105.99 ശതമാനം വർധിച്ച് അറ്റാദായം 213.78 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 104 കോടി രൂപയായിരുന്നു.

കാറ്ററിംഗ് ബിസിനസിൽ നിന്നുള്ള വരുമാനം മാർച്ചിൽ ഏകദേശം 300% ഉയർന്ന് 267 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനം വെറും 67 കോടി രൂപയായിരുന്നു. അതേസമയം, ഓൺലൈൻ ടിക്കറ്റ് വരുമാനം 38 ശതമാനം വർധിച്ച് 292 കോടി രൂപയായപ്പോൾ ടൂറിസം വിഭാഗത്തിൽ നിന്നുള്ള വരുമാനം 74 ശതമാനം ഉയർന്ന് 54 കോടി രൂപയായി. കഴിഞ്ഞ വർഷം ഓൺലൈൻ ടിക്കറ്റ് വരുമാനം 212.01 കോടി രൂപയായിരുന്നു. 

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടുകൂടി ഐആര്‍സിടിസിയുടെ പ്രവർത്തങ്ങൾ മെച്ചപ്പെടുകയും കൂടുതൽ ലാഭം നേടാൻ സാധിക്കുകയും ചെയ്തതായാണ് വിലയിരുത്തൽ.  തിങ്കളാഴ്ച ഐആർസിടിസിയുടെ ഓഹരി 6.67 ശതമാനം ഉയർന്ന് എൻഎസ്ഇയിൽ 696 രൂപയായി ക്ലോസ് ചെയ്തു.കൂടാതെ കമ്പനിയുടെ ബോർഡ് ഒരു ഓഹരിക്ക് 1.50 രൂപ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. 2 രൂപയാണ് ഓഹരിയുടെ മുഖവില. 

Exit mobile version