Site icon Fourteen Kerala – 14 Kerala News

സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ഇന്ന് കൂട്ട വിരമിക്കല്‍.871 പേര്‍ പടിയിറങ്ങുന്നു

തിരുവനന്തപുരം;കെഎസ്ഇബിക്ക് ഇന്ന് ചരിത്ര പ്രധാന്യമുള്ള ദിവസമാണ്. ഡയറക്ടര്‍ തലത്തില്‍ നിന്നും ഏറ്റവും താഴെ തലത്തില്‍ നിന്നുമുള്‍പ്പെട 871 പേരാണ് ഇന്ന് സര്‍വ്വീസ് അവസാനിപ്പിച്ച് പടിയിറങ്ങുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ കെഎസ്ഇബിയില്‍ സേവനം അനുഷ്ടിച്ചവരും ഇക്കൂട്ടത്തിലുണ്ട്.തീര്‍ന്നില്ല. വലുത് വരാനിരിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് നാലായിരത്തോളം ജീവനക്കാരാണ് കെഎസ്ഇബിയില്‍  നിന്ന് വിരമിക്കാനിരിക്കുന്നത്. ജൂണില്‍ സ്കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ജനനതീയതി മേയ് മാസത്തിലാക്കുന്ന രീതി പണ്ട് വ്യാപകമായിരുന്നതാണ് ഇത്തരത്തില്‍ കൂട്ട വിരമിക്കലിന് വഴിയൊരുക്കുന്നതെന്ന് വിലയിരുത്തലുണ്ട്.

കൂട്ട വിരമിക്കല്‍ കെഎസ്ഇബിയുടെ പെന്‍ഷന്‍ ബാധ്യത ഗണ്യമായി ഉയര്‍ത്തും. നിലവിലുള്ള ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരാണ് കെഎസ്ഇബിയിലുള്ളത്. സ്ഥിരം ജീവനക്കാര്‍ ഏതാണ്ട് 26000 ഉള്ളപ്പോള്‍ പെന്‍ഷന്‍കാരുടെ എണ്ണം 30000ത്തോളമാണ്. കെഎസ്ഇബി 2014ലാണ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. വിരമിക്കല്‍ ആനുകൂല്യങ്ങളുംപെന്‍ഷനും വിതരണം ചെയ്യുന്നതിനായി പ്രത്യേക ട്രസ്റ്റും രൂപീകരിച്ചു.16000 കോടി രൂപയോളമാണ് നിലവില്‍ പെന്‍ഷന്‍ ബാധ്യത. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇത് 34000 കോടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സാമ്പത്തിക ബാദ്ധ്യത കുറക്കാന്‍ കെഎസ്ഇബി ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍

Exit mobile version