Site icon Fourteen Kerala – 14 Kerala News

പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചത് എസ്‍ഡിപിഐ നേതാവ്

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്. എസ്‍ഡിപിഐ (SDPI) തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്താണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുനമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്. കുട്ടിയെ നേരത്തെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. 

Exit mobile version