Site icon Fourteen Kerala – 14 Kerala News

കിടപ്പുരോഗിയായ ഭാര്യ മരിച്ചെന്ന് ഭര്‍ത്താവ്; പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ചു, അറസ്റ്റ്

ഇടുക്കി: ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു മുനിസ്വാമിയുടെ ഭാര്യ രഞ്ജിനി. മുനിസ്വാമിയും രഞ്ജിനിയും ഒറ്റക്കായിരുന്നു താമസം. കൊലപ്പെടുത്തിയ ശേഷം മുനിസ്വാമി ഭാര്യ മരിച്ചതായി അയല്‍വാസികളെ അറിയിച്ചു. മക്കളിലൊരാളെയും വിളിച്ചറിയിച്ചു. 

നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിൽ കഴുത്തിൽ പാടുകണ്ടത് കൊലപാതകമാണെന്ന സംശയത്തിനിടയാക്കി.പോസ്റ്റുമോർട്ടത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് മുനിസ്വമി പൊലീസിനോടു പറഞ്ഞു. ഇവർക്ക് മൂന്നു പെണ്‍മക്കളുണ്ട്. രണ്ടുപേര്‍ വിവാഹിതരാണ്. ഇളയ മകള്‍ തൊടുപുഴയില്‍ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനിസ്വാമിയെ നാളെ കോടതിയിൽ ഹാജരാക്കും.

Exit mobile version