Site icon Fourteen Kerala – 14 Kerala News

ഗതാഗതക്കുരുക്കൊഴിയാതെ താമരശ്ശേരി ചുരം

താമരശ്ശേരി : പെരുന്നാൾ അവധിക്ക്‌ ശേഷമുള്ള വാഹനപ്പെരുപ്പവും റോഡ് നവീകരണപ്രവൃത്തികളും കാരണം താമരശ്ശേരി ചുരംപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ബുധനാഴ്ച രാത്രിമുതൽ വലിയ ഗതാഗതക്കുരുക്കാണ് ദേശീയപാത 766-ൽ അനുഭവപ്പെടുന്നത്. അതിനിടെ കുരുക്ക് മറികടക്കാൻ ട്രാഫിക് മര്യാദ പാലിക്കാതെ ക്രമംതെറ്റിച്ച് സഞ്ചരിക്കുന്ന ചെറുവാഹനങ്ങളും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നുണ്ട്.

അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിനിടെ ചുരത്തിലെ മുടിപ്പിൻവളവുകളിൽ പെട്ടെന്ന് വളച്ചെടുക്കാനാവാതെ വലിയ ചരക്കുലോറികൾ കുടുങ്ങുന്നതും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ നാലാംവളവിന് മുകളിൽ ചരക്കുലോറി കുടുങ്ങിയതിനെത്തുടർന്ന് ഒരുമണിക്കൂറോളം നേരം ഗതാഗതതടസ്സമുണ്ടായി. ഹൈവേ, ട്രാഫിക് പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും നാട്ടുകാരുമെല്ലാം ചേർന്നാണ് ഗതാഗതം നിയന്ത്രിച്ച് കുരുക്കൊഴിവാക്കുന്നത്. ചരക്കുവാഹനങ്ങൾക്ക് ചുരംപാതയിൽ ഭാര, സമയ നിയന്ത്രണമേർപ്പെടുത്തിയാൽ ഒരുപരിധിവരെ ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്നതാണ് യാത്രികരുടെ പക്ഷം.

Exit mobile version