Site icon Fourteen Kerala – 14 Kerala News

ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് ജയം; രാജസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ചു

ഐപിഎല്ലിന്റെ 47-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാൻ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെആറിന്റെ ടീം 5 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നിതീഷ് റാണ, റിങ്കു സിംഗ് എന്നിവരാണ് കൊൽക്കത്തയുടെ വിജയ ശിൽപികൾ. 10 മത്സരങ്ങളിൽ നൈറ്റ് റൈഡേഴ്‌സിൻ്റെ നാലാം ജയമാണിത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തത്. 49 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കം പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മടങ്ങി.

പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിതീഷ് റാണയ്‌ക്കൊപ്പം മൂന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 34 റൺസുമായി അയ്യർ വീണു. തുടർന്ന് നാലാം വിക്കറ്റിൽ റിങ്കു സിംഗിനൊപ്പം റാണ കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റിൽ ഇരുവരും 66 റൺസാണ് കൂട്ടിച്ചേർത്തത്. റാണ 37 പന്തിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്നപ്പോൾ റിങ്കു 23 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസുമായി ഒപ്പം നിന്നു.

ജയത്തോടെ 10 കളികളില്‍ എട്ട് പോയന്‍റ് നേടിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാന്‍ 10 കളികളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

Exit mobile version