Site icon Fourteen Kerala – 14 Kerala News

പപ്പടവും ശർക്കരയും ജിഎസ്ടിയിലേക്ക്; നികുതി നിരക്ക് വർധിപ്പിക്കാൻ ശുപാർശ

ദില്ലി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട ഫ്രെയിം ചോക്കളേറ്റ് തുടങ്ങിയവ ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനും തീരുമാനമുണ്ട്. നേരത്തെ ജിഎസ്ടി കുറച്ച് ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാറുകളുടെ നിലപാട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും തുടരണമെന്നുമാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. അതിന് പകരം നികുതി വർധിപ്പിച്ച് വരുമാനം കൂട്ടാനാണ് നീക്കം.

നിലവിൽ പപ്പടം, ശർക്കര തുടങ്ങിയ ഉൽപ്പന്നത്തിന് ജിഎസ്ടിയില്ല. ഇവക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്തണമെന്നാണ് ആലോചന. നേരത്തെ 12 ശതമാനത്തിലേക്ക് കുറച്ച് പല ഉൽപന്നങ്ങളും 28 ശതമാനം നിരക്കിലേക്ക് തിരിച്ചെത്തിക്കും. പവർ ബാങ്കുകൾ, വാച്ചുകൾ, സ്യൂട്ട് കേസുകൾ, 32 ഇഞ്ചിന് താഴെയുള്ള കളർ ടിവികൾ, ഹാൻഡ് ബാ​ഗുകൾ, പെർഫ്യൂം, ചോക്ലേറ്റ്, ച്യൂയിങ് ​ഗം, വാൾനട്ട്, മദ്യമൊഴിച്ചുള്ള ബീവറേജസ്, കണ്ണട ഫ്രൈം, സിറാമിക് സിങ്കുകൾ, വാഷ്ബേസ് എന്നീ ഉൽപന്നങ്ങൾ 28 ശതമാനം നിരക്കിൽ നിന്ന് 12 ശതമാനം നിരക്കിലേക്ക് താഴ്ത്തിയിരുന്നു. ഇവയെല്ലാം വീണ്ടും 28 ശതമാനം നിരക്കിലേക്ക് ഉയർത്താനാണ് ശിപാർശ. 

Exit mobile version